സൂപ്പർ ഡീലക്സ് :ഭാരതീയ സദാചാരബോധത്തെ തൂത്തെറിയുന്ന ചലച്ചിത്രാവിഷ്‌കാരം

                                          ഇന്ത്യൻ ചലച്ചിത്രങ്ങൾ അതിന്റെ തുടക്കകാലം
  മുതൽക്കേ ക്ലാസ്സിക്കുകൾ കാഴ്ചക്കാരന് സമ്മാനിച്ചിട്ടുണ്ട് .നാൾക്കുനാൾ 
 വളരുന്ന ഇന്ത്യൻ സിനിമ ബോളിവുഡ് എന്ന സ്ഥിരം തട്ടകത്തിൽ 
 നിന്നുംമാറി പ്രാദേശികതയിലേക്ക് പടരുന്ന കാഴ്ചയാണ് നാം പിന്നീട്   കണ്ടത്. അതിശക്തമായ  തിരക്കഥയും കഥാപാത്രങ്ങളുടെ  സന്ഗീർണതയും സാങ്കേതിക തികവും ഒത്തുചേർന്ന കലാസൃഷ്ടി എന്ന് ഒറ്റവാക്കിൽ പറയാവുന്നതാണു  സൂപ്പർഡീലക്സ് എന്ന ചലച്ചിത്രം.തീർച്ചയായും കലാസിനിമ (art movies ) എന്ന രീതിയിലും വാണിജ്യസിനിമ (commercial movie ) എന്ന രീതിയിലും ഈ ത്യാഗരാജൻ കുമാരരാജ  ചിത്രം പ്രേക്ഷകമനസ്സിൽ ഇടംനേടുന്നു.
                    ഒറ്റനോട്ടത്തിൽ വ്യത്യസ്തമായ നാല് കഥകളെ കൂട്ടിച്ചേർക്കുന്ന സംവിധാന വൈധക്ത്യമാണ്‌ സിനിമയുടെ നട്ടെല്ല്. മാലയിൽ മുത്ത് കോർക്കുന്ന പോലെ കഥാപാത്രങ്ങൾ ഒരു കഥയിൽ നിന്നും മറ്റൊന്നിലേക്കു തെന്നിനീങ്ങുന്നു . തൻ്റെ രഹസ്യ സുഹൃത്തിൻറെ മൃതദേഹം നശിപ്പിക്കാൻ പുറപ്പെടുന്ന  ഭാര്യയും ഭർത്താവും,വര്ഷങ്ങള്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തുന്ന അച്ഛനും കാത്തിരിക്കുന്ന മകനും,ദൈവാവതാരമായി സ്വയം കരുതി ജീവിച്ചു അവസാനം അതേ ദൈവത്തെ തള്ളിപ്പറയുന്ന ഒരുവൻ,സ്വന്തം  അമ്മക്കെതിരെ  പുറപ്പെടുന്ന  മകനും അവന്റെ സുഹൃത്തുക്കളും ... ഇവർ എങ്ങനെ ഒരു ദിവസത്തിലൂടെ കടന്നു പോകുന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം. സ്ഥിരം കണ്ടും കേട്ടും പരിചയിച്ച സദാചാര ചിന്തകളെ കവച്ചു വെക്കുന്ന ചില നിമിഷങ്ങൾ സിനിമയിൽ ഉണ്ട്. അതിജീവനത്തിനു വേണ്ടി പൊരുതുന്ന മനുഷ്യന് സമൂഹം  വിവക്ഷിക്കുന്ന നന്മതിന്മകൾക്ക് മീതെ സഞ്ചരിക്കേണ്ടിവരും.അതിന്റെ അവന്റേതായ ന്യായങ്ങളും കാണും. സിനിമയിൽ എടുത്തു പറയാനുള്ള മറ്റൊരു കാര്യം പശ്ചാത്തല സംഗീതം ആണ്.യുവാൻ ശങ്കർ രാജ തന്റെ ജോലി ഗംഭീരമാക്കി.സിസാധാരണ തമിഴ് മസാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി  വേഗത കുറഞ്ഞതും ക്ലാസിക് ചുവയുള്ളതുമായ സംഗീതം ചിത്രത്തെ മികവുറ്റതാക്കുന്നു. കലാസംവിധാനവും ഛായാഗ്രഹണവും  പൊതുവായൊരു കളർ ടോണും ചിത്രത്തെ ഒരു പടി കൂടി ഉയർത്തുന്നു .
                                                       അഭിനേതാക്കൾ  അക്ഷരങ്ങളിലൂടെ ജനിക്കുന്ന കഥാപാത്രങ്ങളെ ജീവൻ കൊടുത്തു തിരശീലയിൽ എത്തിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. പൊതുവെ താരങ്ങൾക്കിടയിൽ കാണപ്പെടുന്ന ഇമേജ്  ഭയം ഒട്ടുമില്ലാതെയാണ് ഇവിടെ വിജയ് സേതുപതിയും ഫഹദ് ഫാസിലും സാമന്ത രുത്പ്രഭുവും മത്സരിച്ചു "ജീവിച്ചത്" എന്ന് പറയാം.രമ്യ കൃഷ്ണൻ ,മിഷ്‌കിൻ  , ഭഗവതി പെരുമാൾ തുടങ്ങിയവർ തങ്ങളുടെ സ്വതസിദ്ധമായ അഭിനയശൈലി പിന്തുടർന്ന് വിജയിച്ചു.എന്നാൽ സിനിമയിൽ വരുന്ന ഓരോ കൊച്ചു കഥാപാത്രങ്ങൾക്കും നമ്മോടു സംസാരിക്കാൻ ചിലതുണ്ട്. ചെറുപ്പക്കാരായ  സിഹൃത്തുക്കളായി  അഭിനയിച്ച കുട്ടികളും റാസുകുട്ടി എന്ന വേഷം അതിഗംഭീരമാക്കിയ കൊച്ചുമിടുക്കനും മനം കവർന്നു.ജീവനും ജീവിതവും ഭൂമിയിൽ മാത്രം ഒതുങ്ങിനിൽക്കുവെന്ന ധാരണയെ ചിത്രം ചോദ്യം ചെയ്യുന്നുമുണ്ട്.

                                                           ഇതിനെല്ലാം പുറമെ ചിത്രം ചില ചോദ്യങ്ങൾ പ്രേക്ഷകരിലേക്കും എറിയുന്ന്നുണ്ട് . നാല് ചുവരിനുള്ളിൽ ഒതുങ്ങി നിൽക്കേണ്ടത് എന്ന്  മര്യാദയുടെ വിലങ്ങിട്ടു പൂട്ടിയ   ലൈംഗികതയുടെ തുറന്നുപറച്ചിൽ  തെറ്റാണോ എന്ന സംശയം നമ്മിൽ മുളച്ചേക്കാം . തെറ്റിനെ മറക്കാൻ ശ്രമിക്കുന്ന നായക കഥാപാത്രം ഒരിക്കലും കണ്ടുപരിചയിച്ച മര്യാദശ്രീരാമൻ അല്ല. ഇവിടെ ആരും അങ്ങനെയല്ലല്ലോ.മറ്റുള്ളവരോട് ചെയ്യുന്ന തെറ്റുകൾ സ്വന്തം ജീവിതത്തിൽ തിരിച്ചടിയാകുമ്പോൾ എങ്ങനെ അതിൽ നിന്നും രക്ഷപ്പെടും എന്ന് മാത്രമാണ് പ്രസക്തം.അവിടെ നീതിയും ന്യായവും വാക്കുകൾ മാത്രം. അശ്ലീലം ചെയ്യുന്നത് മാത്രമാണോ കുറ്റം ,കാണുന്നതും തെറ്റല്ലേ എന്നും ചിത്രം ചോദിക്കുന്നു.തികച്ചും പ്രേക്ഷകനോട് സംവദിക്കുന്ന സൂപ്പർ ഡീലക്സ്  എന്ന കലാസൃഷ്ടി  ആരോഗ്യകരമായ സംവാദങ്ങൾക്കും വേദി ഒരുക്കുന്നുണ്ട് എന്നതാണ് സത്യം.
                             









Comments

  1. Such unique review ......well done👌👌

    ReplyDelete
  2. വായിച്ചതിൽ വെച്ച് ഏറ്റവും നല്ല blog. Ratings കൂടി ഉണ്ടെങ്കിൽ നന്നായേനെ

    ReplyDelete
    Replies
    1. Anoop...My real friend...Can't thank you with mere words..luv you bro...

      Delete

Post a Comment

Popular posts from this blog